ഹെപ്പറ്റൈറ്റിസിനെ പേടിക്കണം, ജാഗ്രതയോടെ നേരിടൂ കരളിനെ സംരക്ഷിക്കൂ

Oct 07, 2025

ഹെപ്പറ്റൈറ്റിസിനെ പേടിക്കണം, ജാഗ്രതയോടെ നേരിടൂ കരളിനെ സംരക്ഷിക്കൂ


മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശുദ്ധീകരിക്കാൻ കരൾ സഹായിക്കുന്നു. കരളിൻ്റെ പ്രവ‍ർത്തനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെയാണ് മോശമായി ബാധിക്കുന്നത്. കരളിലുണ്ടാകുന്ന തകരാറാണ് ഹെപ്പറ്റൈറ്റിസ് അഥവ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിൻ്റെ അളവ് അമിതമായി ഉയരുന്നതാണ് ഈ അവസ്ഥ. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ പല തരത്തിലാണ് രോങ്ങളാണ് പിടിപ്പെടുന്നത്. ഇവയെല്ലാം തമ്മിൽ വ്യത്യാസവുമുണ്ട്.
ഹെപ്പറ്റൈറ്റിസ് എ
വൈറൽ ഹെപ്പറ്റൈറ്റിസിൻ്റെ ഏറ്റവും സാധാരണമായി ഒന്നാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമായ ഭക്ഷണം വെള്ളം എന്നിവയുടെ സമ്പർക്കത്തിലൂടെ ആണ് ഈ രോ​ഗമുണ്ടാകുന്നത്. ഇത് സാധാരണയായി കരളിന്റെ വീക്കം ഉണ്ടാക്കുന്ന ഒരു ഹ്രസ്വകാല രോഗമാണ്. ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം (മഞ്ഞപ്പിത്തം), ഇരുണ്ട മൂത്രം, ഓക്കാനം, ഛർദ്ദി, വയറുവേദന, ക്ഷീണം, പനി എന്നിവ ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഹെപ്പറ്റൈറ്റിസ് എ പ്രതിരോധിക്കാൻ വാക്സിനുകൾ ലഭ്യമാണ്. നല്ല ഭക്ഷണവും വിശ്രമത്തിലൂടെ ഈ രോ​ഗം മാറുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

ഹെപ്പറ്റൈറ്റിസ് ബി
കരളിന് വീക്കമുണ്ടാക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് ബി സാധാരണയായി രോഗമുള്ള ആളുടെ രക്തവുമായോ മറ്റ് ശരീര സ്രവങ്ങളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം, ഓക്കാനം, ഛർദ്ദി, വയറുവേദന, ക്ഷീണം, പനി എന്നിവ ഹെപ്പറ്റൈറ്റിസ് ബിയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ചികിത്സിച്ചില്ലെങ്കിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. ഹെപ്പറ്റൈറ്റിസ് ബിയിൽ നിന്നുള്ള സംരക്ഷണത്തിനായി വാക്സിനുകൾ ലഭ്യമാണ്, ആവശ്യമെങ്കിൽ ആൻറിവൈറൽ മരുന്നുകൾ ദീർഘകാല അണുബാധ നിയന്ത്രിക്കാൻ സഹായിക്കും. HBsAg എന്ന രക്ത പരിശോധനയിലൂടെ ഈ രോഗം കണ്ടെത്താൻ സാധിക്കും.

ഹെപ്പറ്റൈറ്റിസ് സി
ബി പകരുന്നത് പോലെ തന്നെയാണ് ഹെപ്പറ്റൈറ്റിസ് സിയും പകരുന്നത്. രോഗമുള്ള ആളുടെ രക്തം അല്ലെങ്കിൽ സ്രവങ്ങളിലൂടെ മറ്റൊരാൾക്ക് രോഗം വരാം. അത് മാത്രമല്ല, ഇരുണ്ട മൂത്രം, മഞ്ഞപ്പിത്തം, ക്ഷീണം, ഛർദ്ദിൽ എന്നിവയെല്ലാം രോഗ ലക്ഷണങ്ങളാണ്. ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ ആൻ്റി വൈറൽ മെഡിസിനുകൾ ലഭ്യമാണ്. രോഗമുള്ള ആളുടെ രക്തം സ്വീകരിക്കുകയോ അല്ലെങ്കിൽ അയാൾ ഉപയോഗിച്ച് ബ്ലേഡ്, കത്തി എന്നിവ ഉപയോഗിക്കാതിരിക്കുകയോ ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഹെപ്പറ്റൈറ്റിസ് ഇ
ഹെപ്പറ്റൈറ്റിസ് എ പകരുന്നത് പോലെ തന്നെയാണ് ഇയും പകരുന്നത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ സമ്പർക്കമാണ് രോഗത്തിന് കാരണമാകുന്നത്. പ്രത്യേക വാക്സിനോ അല്ലെങ്കിൽ മരുന്നുകളോ ഈ രോഗത്തിനില്ല. നല്ല വിശ്രമവും ഭക്ഷണവുമാണ് രോഗത്തിന് പ്രധാനമായും ആവശ്യം. ചിലരിൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ കഴുകുക, ശുചിത്വമുള്ള വെള്ളവും ഭക്ഷണവും കഴിക്കുക എന്നിവയിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം.
 

← Back to Articles
Book Now
Lab Result